പ്രശസ്ത സംഗീതജ്ഞൻ ആലപ്പി രംഗനാഥ് അന്തരിച്ചു
കോവിഡ് ബാധയെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം
കോട്ടയം: പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവും നാടകകൃത്തുമായ ആലപ്പി രംഗനാഥ് വിടവാങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവായിരുന്നു അദ്ദേഹം. മകരവിളക്ക് ദിനത്തിൽ സന്നിധാനതെത്തി പുരസ്കാരം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് പിടി മുറുക്കിയത്.
സിനിമയിലും നാടകത്തിലുമടക്കം രണ്ടായിരത്തിലേറെ ഗാനങ്ങൾക്ക് ആലപ്പി രംഗനാഥ് ഈണം നൽകിയിട്ടുണ്ട്. 1973ൽ പി. എ. തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മലയാളിയുടെ മനസ്സിന് കുളിർമയേകിയ മനോഹര ഗാനങ്ങൾ പിറന്നു വീണു. യേശുദാസ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങളും ആസ്വാദക മനസ്സിനെ തരളിതമാക്കി. യേശുദാസിൻ്റെ തരംഗിണി സ്റ്റുഡിയോയ്ക്കായി തയ്യാറാക്കിയ അയ്യപ്പഭക്തിഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും മകനാണ്. 42 നാടകങ്ങളും 25 നൃത്ത നാടകങ്ങളും രചിച്ച് സംവിധാനം നിർവഹിച്ചു.

