കോഴിക്കോട്ട് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ്സ് ഡ്രൈവർ അറസ്റ്റിൽ
അതിരാവിലെ ട്യൂഷന് പോകുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമമുണ്ടായത്
കോഴിക്കോട് : അതിരാവിലെ ട്യൂഷൻ ക്ലാസിൽ പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിന്റെ ഡ്രൈവറാണ് അറസ്റ്റിലായത്. മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ (34) ആണ് പിടിയിലായത്.
വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം. രാവിലെ റാണിയ ബസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് പോകവെയാണ് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിർത്തുകയായിരുന്നു.
കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളേജ് സ്റ്റോപ്പിൽ ഡ്രൈവർ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ്നിർത്തിയ ഡ്രൈവർ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ആദ്യത്തെ ട്രിപ്പായതിനാൽ ബസ്സിൽ മറ്റ് ജീവനക്കാർ ഉണ്ടായിരുന്നില്ല. ബസ്സിന്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല.
സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കസബ പൊലീസ് ഇൻസ്പെക്റ്റർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി.

