ഇന്ന് സംസ്ഥാനത്ത് ലോക് ഡൗൺ സമാന നിയന്ത്രണങ്ങൾ
അർദ്ധരാത്രി മുതൽ തന്നെ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു

കോഴിക്കോട് : കോവിസ് മൂന്നാം തരംഗം പാരമ്യത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ നടപ്പാക്കുന്ന ലോക് ഡൗൺ സമാന നിയന്ത്രണങ്ങൾക്ക് തുടക്കമായി. ലോക്ഡൗണിന് സമാനമായ കർശനമായ നിയന്ത്രണ ങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പഴം പച്ചക്കറി സാധനങ്ങൾ വില്ക്കുന്ന കടകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ തുറന്നത്.പൊതു ഗതാഗത സംവിധാനം ഇല്ല. സംസ്ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.
അർദ്ധരാത്രി മുതൽ തന്നെ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ള കോഴിക്കോട് മെഡിക്കൽ കോളജ് പരിസരം റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ ഒരു ഹർത്താൽ സമാനമായ അവസ്ഥയാണ് ഇന്നുള്ളത് ഹോട്ടലുകൾ അപൂർവമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ മാത്രമാണ് നല്കുന്നത്.
മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 20 പേർക്ക് മാത്രമാണ് അനുമതി. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോർഡ് ടിപിആറിന് പിന്നാലെ കൂടുതൽ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.