മാവൂർ കെ.എസ്.ആർ.ടി.സി. ടെർമിനൽ രൂപകല്പനയിലെ അപാകത ബലക്ഷയത്തിന് കാരണമായെന്ന് റിപ്പോർട്ട് തള്ളി
കെട്ടിടത്തിൻ്റെ രൂപകല്പനയിൽ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് വിദഗ്ദ സമിതി
കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ രൂപകല്പനയിലെ അപാകത കൂടി ബലക്ഷയത്തിന് കാരണമായെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് തള്ളി വിദഗ്ധസമിതി റിപ്പോർട്ട്. കെട്ടിടത്തിൻ്റെ രൂപകല്പനയിൽ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഐ.എസ്. സ്റ്റാൻഡേർഡ് അനുസരിച്ച് വിലയിരുത്തിയതിനാലാവാം ഐ.ഐ.ടി.യുടെ നിഗമനത്തിന് കാരണമെന്നും വിദഗ്ദ സമിതി ചൂണ്ടിക്കാട്ടി. 90 ശതമാനം തൂണുകൾക്കും ബലക്ഷയം ഉണ്ടെന്നാണ് ഐ.ഐ.ടി. റിപ്പോർട്ട്. എന്നാൽ, ടെർമിനലിന് റിപ്പോർട്ടിലുള്ള അത്രയും ഗുരുതരമായ ബലക്ഷയമില്ലെന്നാണ് വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പിക്കാൻ ഇനിയും വിശദമായ സാങ്കേതിക പരിശോധനകൾ ആവശ്യമാണ്.
കംപ്യൂട്ടർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഐ.ഐ.ടി. പരിശോധന നടത്തിയത്. അതുകൊണ്ട് ഐ.ഐ.ടിയെ കൊണ്ടുതന്നെ ഒരു തവണ കൂടി വിശദപരിശോധന നടത്തണമെന്നും വിദഗ്ധസമിതി സർക്കാരിനോട് ശുപാർശ ചെയ്തു.
അന്തിമ റിപ്പോർട്ട് ഈ മാസം അവസാനത്തോടെ ലഭ്യമാകും. അതിനുശേഷമേ ഇക്കാര്യത്തിലുൾപ്പെടെ തീരുമാനമെടുക്കൂ എന്നും ഗതാഗതവകുപ്പ് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. ഐ.ഐ.ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാ ണ് ആർക്കിടെക്ടിനും കെ.ടി.ഡി.എഫ്.സി മുൻ ചീഫ് എൻജിനീയർക്കുമെതിരെ വിജിലൻസ് കേസെടുത്തത്. 65 കോടി ചെലവഴിച്ച് നിർമിച്ച ടെർമിനൽ ബലപ്പെടുത്താൻ 30 കോടിരൂപ ചെലവ് വരുമെന്നാണ് അറിയിച്ചത്.
കാർബൺ റാപ്പിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും ഇതിനായി നിർദേശിക്കപ്പെട്ടിരിക്കുന്നു. ബസ് സർവീസ് നടത്താൻ പറ്റാത്ത രീതിയിൽ ടെർമിനൽ അപകടാവസ്ഥയിലാണെന്നും അടിയന്തരമായി ബസ് സർവീസ് മാറ്റണമെന്നും ഐ.ഐ.ടി. സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
35 ലക്ഷംരൂപ ചെലവഴിച്ചാണ് മദ്രാസ് ഐ.ഐ.ടി.യിലെ സ്ട്രക്ചറൽ എൻജിനീയർമാരുൾപ്പെടുന്ന സംഘം ആദ്യം പഠനം നടത്തിയത്. ഐ.ഐ.ടി. റിപ്പോർട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതും ഖൊരക്പുർ ഐ.ഐ.ടി., കോഴിക്കോട് എൻ.ഐ.ടി., തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ട്രക്ച്ചറൽ എൻജിനിയറിങ് വിദഗ്‌ധരാണ്. ഐ.ഐ.ടി. റിപ്പോർട്ടിനെ സർക്കാർ പൂർണമായി തള്ളുമോ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് വീണ്ടും പഠനം നടത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

