വീട്ടിൽ കയറിയ മോഷ്ടാവിനെ പിടിക്കാൻ സഹായിച്ച വീട്ടമ്മയെ അനുമോദിച്ചു
ജനമൈത്രി പോലീസ് ആണ് അനുമോദിച്ചത്

പാല : രാത്രി വീട്ടിൽ കള്ളൻ കയറിയ വിവരം പൊലീസിൽ അറിയിക്കുകയും മോഷ്ടാവിനെ പിടികൂടാൻ പൊലീസിനെ സഹായിക്കുകയും ചെയ്ത സോണിയ മാത്യുവിനെ ജനമൈത്രി പൊലീസ് അനുമോദിച്ചു. മുത്തോലി പന്തത്തലയിലെ നിരവത്ത് വീട്ടിൽ എത്തിയാണ് എസ്എച്ച്ഒ കെ.പി.തോംസണും എസ്ഐ ഷാജി സെബാസ്റ്റ്യനും ചേർന്നു സോണിയ മാത്യുവിനെ അനുമോദിച്ചത്.
കടുത്തുരുത്തി കീഴൂർ മേച്ചേരിൽ വീട്ടിൽ കള്ളൻ കയറുന്ന ദൃശ്യങ്ങൾ ഭർതൃഗൃഹത്തിലിരുന്നു പാതിരാത്രി മൊബൈലിൽ കണ്ട സോണിയ മാത്യു അയൽവാസിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.മോഷ്ടാവിനെ പിടികൂടുന്നതിൽ ജാഗ്രതയോടെയും വിവേകത്തോടെയും പെരുമാറിയ സോണിയ മാത്യു പൊതുസമൂഹത്തിനു മാതൃകയാണെന്ന് എസ്എച്ച്ഒ കെ.പി.തോംസൺ പറഞ്ഞു.അനുമോദിക്കാനെത്തിയ പൊലീസ് സംഘത്തെ സോണിയ മാത്യുവിന്റെ ഭർത്താവ് ബിബിൻ, ബിബിന്റെ മാതാപിതാക്കളായ എം.ടി.മാത്യു, മേരിക്കുട്ടി എന്നിവർ ചേർന്നു സ്വീകരിച്ചു.