മില്‍മ ഐസ്ക്രീമുകള്‍ ഇനി അഞ്ച് രുചികളില്‍ കൂടി ലഭിക്കും
ആർട്ടിഫിഷൽ ഫ്‌ളേവറുകൾ ചേർക്കാതെ ശുദ്ധമായ പാലിൽ പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ച് നിർമിക്കുന്നതാണ് മില്‍മ ഐസ്‌ക്രീമുകൾ
കോഴിക്കോട്:പുതിയ അഞ്ച് തരം രുചികളില്‍ കൂിടി ഇനി മില്‍മ ഐസ്ക്രീമുകള്‍ വിപണിയിലെത്തും. പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയിൽ സ്‌പൈൻ പൈൻ, ഡ്രൈ ഫ്രൂട്‌സിൽ ഒരുക്കിയ ഫ്രൂട്ട് ആൻഡ് നട്ട്, കൂടാതെ പാഷൻ ഫ്രൂട്ടിന്റെയും പേരക്കയുടെയും രുചിയിൽ വേറെയും അഞ്ചിനം പുതിയ ഐസ്‌ക്രീമുകൾ കൂടി മിൽമ പുറത്തിറക്കി.
ടോറ ടോറ, ഫ്രൂട്ട് ആൻഡ് നട്ട്, സ്പിൻ പൈൻ, പാഷൻ ഫ്രൂട്ട്, ഗുവ എന്നീ ഐസ്‌ക്രീമുകൾ കോഴിക്കോട് മിൽമ ഡെയറിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ എസ് മണി പുറത്തിറക്കി. ഫെബ്രുവരി ഒന്നു മുതലാണ് ഇവ വിപണിയിൽ ലഭ്യമാകുക. ആർട്ടിഫിഷൽ ഫ്‌ളേവറുകൾ ചേർക്കാതെ ശുദ്ധമായ പാലിൽ പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ച് നിർമിക്കുന്നതാണ് ഐസ്‌ക്രീമുകൾ.
500 എംഎൽ അളവിലുള്ള പാഷൻ ഫ്രൂട്ട്, ഗുവ ഐസ്‌ക്രീമുകൾക്ക് 150 രൂപയാണ് വിലയീടാക്കുക. പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയിലാണ് ലിറ്ററിന് 220 രൂപയുള്ള സ്‌പൈൻ പൈൻ ഒരുക്കിയത്. . കശുവണ്ടി, ഉണക്കമുന്തിരി, ചെറി എന്നിവ ചേർത്താണ് ഫ്രൂട്ട് ആൻഡ് നട്ട് ഐസ്ക്രീം. ഇതിന്റെ വില ഒരു ലിറ്റർ പാക്കിന് 290 രൂപയാണ്. 20 രൂപ വിലയുള്ള കറുത്ത ഉണക്കമുന്തിരി ചേർത്ത് നിർമിച്ച ബ്ലാക്ക് കറന്റ്, കോൺ പാക്കിലാണ് ലഭിക്കുക.
ചടങ്ങിൽ മിൽമ മലബാർ മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ. പി മുരളി,ഫിനാൻസ് മാനേജർ കേശവൻ പോറ്റി, കോഴിക്കോട് ഡെയറി സീനിയർ മാനേജർ ഷാജി മോൻ,അസിസ്റ്റന്റ് മാനേജർ മാർക്കറ്റിങ് പി ആർ സന്തോഷ് കുമാർ ഡയറക്ടർമാരായ പി ശ്രീനിവാസൻ, പി പി ഗിരീഷ് കുമാർ, പി കെ ശ്രീനിവാസൻ,എൻ എ സുധീർ, ടി ശരത് ചന്ദ്രൻ, കെ വിജയൻ എന്നിവർ സംസാരിച്ചു.

