മിനിമം ബസ് നിരക്ക് പത്തു രൂപയാക്കാൻ ശുപാർശ; മിനിമം ദൂരവും ചുരുക്കും
വിദ്യാർത്ഥികൾക്കുള്ള കൺസഷൻ പ്രായ പരിധി 17 ആയി ചുരുക്കണമെന്നും ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ കെ. എസ്. ആർ. ടി. സി - ഓർഡിനറി, സ്വകാര്യ ബസുകളുടെ കുറഞ്ഞ നിരക്ക് പത്തു രൂപയായി വർദ്ധിപ്പിക്കാൻ ശുപാർശ. ബസ് നിരക്ക് വർധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ശുപാർശയുള്ളത്. കൂടാതെ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജ് ആയ രണ്ടര കിലോമീറ്ററിലേക്കു ചുരുക്കും. നിലവിൽ ഇത് അഞ്ച് കിലോമീറ്റർ ആണ്. കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് ഒരു രൂപയാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കൂടാതെ രാത്രി യാത്രയ്ക്കു എല്ലാ സർവീസുകൾക്കും 40% തുക അധികമായി വാങ്ങാം. ഇതോടെ രാത്രി യാത്രയ്ക്കുളള മിനിമം ചാർജ് 14 രൂപയാകും. ഈ നിരക്ക് രാത്രി 8 നും പുലർച്ചെ 5 നും ഇടയിലുമാണ് ഉണ്ടാകുക. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ക്ലാസുകളിൽ നിരക്കു വർധന ശുപാർശ ചെയ്തിട്ടില്ല.
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയർത്തണമെന്നാണു നിർദേശമുള്ളത്. ഇതോടെ മിനിമം നിരക്ക് 5 രൂപയാകും. നിലവിൽ 5 കിലോമീറ്ററിനു 2 രൂപയാണ് മിനിമം നിരക്ക്.
അതേസമയം, വിദ്യാർത്ഥികൾക്കുള്ള യാത്ര കൺസെഷനിൽ പ്രായ പരിധി നിശ്ചയിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ നൽകി. ഇതനുസരിച്ച് ആനുകൂല്യം ലഭിക്കാനുള്ള പ്രായ പരിധി 17 വയസായി പരിമിതപ്പെടുത്തും. കൺസെഷൻ ബിപിഎൽ വിദ്യാർത്ഥികൾക്ക് മാത്രം ആക്കണമെന്നും നിർദേശമുണ്ട്. നിലവിൽ കൺസെഷൻ അനുവദിക്കുന്നതിൽ പ്രായ പരിധിയില്ല. ഐ.ഡി കാർഡ് കാണിക്കുന്നവർക്ക് കൺസെഷൻ ലഭിക്കും.

