ദിലീപിന് ഇന്ന് നിർണായക ദിനം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാവിലെ 10.30നാണ് ഹൈക്കോടതി വിധി പറയുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ടിരുന്നു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാ ണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രാവിലെ 10.30നാണ് ഹൈക്കോടതി വിധി പറയുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തിയതിനുശേഷം മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാൻ ഹൈകോടതി അനുമതി നൽകിയിരുന്നു. അറസ്റ്റ് ചെയ്യരുതെന്ന ഉപാധിയോടെയായിരുന്നു ചോദ്യം ചെയ്യൽ അനുവദിച്ചത്. തുടർന്ന് കേസിൽ ഇരുവിഭാഗത്തിന്റെയും വാദം നടന്നു.