കോഴിക്കോട് മെഡിക്കല്‍ കോളേേജില്‍ നവീകരിച്ച അസ്ഥി രോഗവിഭാഗം തുടങ്ങി
റോഡ് മുറിച്ചു കടക്കാതെ ആശുപത്രിയിലേക്കെത്താന്‍ ഇനി ആകാശ പാതയും

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ അസ്ഥിരോഗ വിഭാഗം ഒപിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേന്ദ്ര സഹായത്തോടെ നിർമിക്കുന്ന ബിഎസ് ലെവൽ ത്രീ മൈക്രോബയോളജി ലാബ് സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയായിരുന്ന ഡോ. എ ആർ മേനോന്റെ പ്രതിമ അനാഛാദനവും മന്ത്രി ഓണ്‍ലൈന്‍ വഴി നിർവഹിച്ചു. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമിച്ചത്.
മെഡിക്കൽ കോളേജിലെ ആകാശപാത മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതു ജനങ്ങൾക്കായി തുറന്നു നൽകി.ചടങ്ങിൽ എം കെ രാഘവൻ എം.പി., മേയർ ബീനാ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആശുപത്രിയിലെ മറ്റു ബ്ലോക്കുകളിലേക്ക് മഴയും വെയിലുമേറ്റ് പോയിരുന്ന ആളുകൾക്ക് പുതിയ പാത ഏറെ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പിഎംഎസ്‌വൈ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിച്ചാണ് ആകാശപാത നിർമിച്ചത്. 172 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാതയിലൂടെ സഞ്ചരിക്കാൻ ബാറ്ററി കാർ സേവനമേർപ്പെടുത്തും. ഭാരത് പെട്രോളിയം കോർപറേഷന്റെയും മെഡിക്കൽ കോളേജ് പൂർവ വിദ്യാർഥി സംഘടനയുടെയും ധനസഹായത്തോടെയായിരുന്നു നിർമാണം.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി രാമകൃഷ്ണൻ എംഎൽഎ ഉപഹാരം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കൗൺസിലർ കെ. മോഹനൻ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്,കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡോ. റംലാ ബീവി ജോർജ് തോമസ്, സന്തോഷ് ജി. തമ്പി, ഡോ. ടി. പി. രാജഗോപാൽ, ഡോ. എ. നവീൻ, ഡോ. സി ശ്രീകുമാർ, ഡോ. കെ. പി. സൂരജ്, ഡോ. പി വിജയൻ എന്നിവർ സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സ്വാഗതവും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ നന്ദിയും പറഞ്ഞു.