പ്രശസ്ത കൂടിയാട്ട കലാകാരൻ മാണീ ദാമോദര ചാക്യാർ അരങ്ങൊഴിഞ്ഞു
ഭാരതത്തിലുടനീളം ക്ഷേത്രങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്
പാലക്കാട്: പ്രശസ്ത കൂടിയാട്ട കലാകാരൻ മാണീ ദാമോദര ചാക്യാർ (76) കിള്ളകുറിശ്ശിമംഗലത്തെ സ്വവസതിയിൽ നിര്യാതനായി. കേരളത്തിലെ അറിയപ്പെടുന്ന കൂത്ത്, കൂടിയാട്ട കലാകാരനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ഇദ്ദേഹം ലോക പ്രശസ്ത നാട്യാചാര്യൻ പത്മശ്രീ ഗുരു മാണീ മാധവ ചാക്യാരുടെ അനന്തരവനും ശിഷ്യനുമാണ്. മാധവ ചാക്യാരോടൊത്ത് കൊയിലാണ്ടി താലൂക്കിലെ അരിക്കുളം തിരുവങ്ങായൂരിലെ തറവാട്ട് വീട്ടിലായിരുന്നു താമസം. നടുവണ്ണൂർ ഹൈസ്കൂളിലെ സംസ്കൃതാദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് പാലക്കാട്ടേക്ക് താമസം മാറിയത്.
കാമ്പ്രത്ത് പത്മനാഭൻ നമ്പൂതിരിയുടെയും മാണീചാക്യാർ മഠത്തിൽ അമ്മിണി ഉച്ചോടമ്മയുടെയും മകനായി ജനനം. ഭാര്യ പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ ഉഷ. മക്കൾ : അജിത്ത് (അദ്ധ്യാപകൻ, എസ് എസ് ഒ, എച്ച് എസ്.എസ് ലക്കിടി), ശ്രീജിത്ത് (അദ്ധ്യാപകൻ ഗവ.എച്ച് എച്ച് എസ് കടമ്പൂർ), സംഗീത (അദ്ധ്യാപിക കണ്ണാടി എച്ച് എസ് എസ് പാലക്കാട്). മരുമക്കൾ: അഞ്ജന, ശ്രീകുമാർ. സഹോദരങ്ങൾ: പത്മാവതി ഇച്ചോടമ്മ, രുഗ്മിണി ഇച്ചോടമ്മ, മാണീ നീലകണ്ഡചാക്യാർ.
കേന്ദ്രസർക്കാരിന്റെ സാംസ്കാരിക വകുപ്പിൽ നിന്ന് ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾ, സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ത്യയിലെ പ്രധാന ക്ഷേത്രനഗരങ്ങളിലെല്ലാം കൂത്തും കൂടിയാട്ടവും അവതരിപ്പിട്ടുണ്ട്. കൂത്തിൻ്റെ ആധികാരികഗ്രന്ഥമായി അറിയപ്പെടുന്ന രാമായണ പ്രബന്ധത്തിന് സ്വന്തം വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചതിടൊപ്പം വിവിധ സാംസ്കാരികപ്രസിദ്ധീകരണങ്ങളിൽ കലാസംബന്ധിയായ ആധികാരിക പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

