കണ്ണൂര്‍ വി.സി നിയമനം; അപ്പീല്‍ ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും
ഹര്‍ജിയില്‍ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു

എറണാകുളം : കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും . ഹര്‍ജിയില്‍ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു . വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
പ്രായപരിധി മാനദണ്ഡം ലംഘിച്ചും, സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം എന്നാണ് അപ്പീലില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാരം ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും കാണിച്ചെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി തളളിയിരുന്നു . മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നല്‍കിയത് നിര്‍ദ്ദേശം മാത്രമാണ് എന്നായിരുന്നു ലോകായുക്തയുടെ വിധി .