ജില്ലകളിലും പക്ഷാഘാത ചികിത്സയ്ക്ക് സൗകര്യമൊരുക്കും - മന്ത്രി വീണാ ജോർജ്
പക്ഷാഘാത നിയന്ത്രണ പരിപാടിയായ ശിരസ്സിൻ്റെ ഭാഗമായാണ് പദ്ധതി

കോഴിക്കോട്: പക്ഷാഘാത ചികിത്സയ്ക്ക് ഓരോ ജില്ലയിലും സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം നിലവിൽ 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായതായി മന്ത്രി അറിയിച്ചു. മറ്റു ജില്ലകളില്‍ ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ ആശുപത്രികളിലും ചികിത്സ ലഭ്യമാകുന്നത്.
കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയന്യൂറോളജിസ്റ്റ് ഡോ: മുഹമ്മദ് റിജോഷ്, മറ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയായ ശിരസ്സിൻ്റെ ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ചതിന് ശേഷം വിന്‍ഡോ പീരിഡായ നാലര മണിക്കൂറിനുള്ളില്‍ സ്ട്രോക്ക് ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അത് പ്രയോജനപ്പെടുകയുള്ളൂ. സ്ട്രോക്ക് യൂണിറ്റുകൾ ആരംഭിക്കുന്നതോടെ രോഗികൾക്ക് അതത് ജില്ലകളിൽ തന്നെ ചികിത്സ തേടാൻ സാധിക്കും.