സര്‍വ്വകലാശാലകളില്‍ അധ്യാപകരാവാന്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരം - വി. ശിവദാസന്‍ എംപി
വിദ്യാഭ്യാസമേഖലയില്‍ ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നും വിമർശനം

തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ അധ്യാപകരാവാന്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരമെന്ന് വി. ശിവദാസന്‍ എംപി. സര്‍വകലാശാലാ അധ്യാപകന്‍ ആവാന്‍ ഇനി പോസ്റ്റ് ഗ്രാജ്യുവേഷനോ നെറ്റ് യോഗ്യതയോ പിഎച്ച്ഡിയോ ആവശ്യമില്ല. കോര്‍പ്പറേറ്റ് മുതലാളിമാരെയും ‘വിദഗ്ദ്ധരെയും ‘ ഒക്കെ യഥേഷ്ടം പ്രൊഫസര്‍സ് ഓഫ് പ്രാക്ടീസ് , അസ്സോസിയേറ്റ് പ്രൊഫെസ്സഴ്‌സ് ഓഫ് പ്രാക്ടീസ് എന്ന പുതിയ തസ്തിക നിർമിച്ച് നിയമിക്കാന്‍ ആണ് തീരുമാനം.
സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കോടിക്കണക്കിനു ചെറുപ്പക്കാരെ നോക്കുകുത്തികളാക്കി, ലാറ്റെറല്‍ എന്‍ട്രി വഴി ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ 38 പേരെ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് നിയമിച്ചതിനു പിന്നാലെ ആണ്, കേന്ദ്രീയ സര്‍വ്വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഉള്ള നീക്കം. സ്വകാര്യ സര്‍വ്വകലാശാലകള്‍ കൂടി ഈ വഴി പിന്‍തുടര്‍ന്നാല്‍, സ്വകാര്യ യൂണിവേഴ്‌സിറ്റി തുടങ്ങിയ മുതലാളിക്ക് തന്നെ അവിടെ ക്ലാസ്സുമെടുക്കാവുന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.
ഇത് വിദ്യാഭ്യാസമേഖലയില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകള്‍ നേടിയവരെ പുറത്തു നിര്‍ത്തി, തങ്ങള്‍ക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരില്‍ കുത്തിത്തിരുകാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും എംപി ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.