ഇന്ധന വില വർധന കെ.എസ്.ആർ.ടി. സിക്ക് ഇരുട്ടടി - മന്ത്രി ആൻ്റണി രാജു
ഇത് കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 25 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ചത് ഇരുട്ടടിയാകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ലിറ്ററിന് 21 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 126 രൂപയാണ് കെ.എസ്.ആർ.ടി. ക്ക് നൽകേണ്ടി വരുന്നത്. ഇത് മാസത്തില്‍ 25 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
50000 ലിറ്ററിലധികം ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്കാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിച്ചത്. ഇതോടെ 27.88 രൂപയുടെ വ്യത്യാസമാണ് റീട്ടെയ്ൽ വിലയുമായുണ്ടാവുക. ദിവസേന 12 ലക്ഷത്തോളം കിലോ കിലോമീറ്റർ സർവ്വീസ് നടത്തുന്നുണ്ട്. ഇതിനായി 270 മുതൽ 300 കിലോ ലിറ്റർ വരെയുള്ള ഡീസൽ ആവശ്യമായി വരും.
അതേസമയം, വില വർധിപ്പിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറുമായ് മന്ത്രി അടിയന്തിര കൂടിക്കാഴ്ച നടത്തി. വിഷയം രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മറ്റ് വഴികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.