സ്‌കൂൾ ഗ്രൗണ്ടിൽ കാറുമായുള്ള അഭ്യാസ പ്രകടനത്തിനിടെ അപകടം; വിദ്യാർത്ഥികൾക്ക് പരുക്ക്
കാർ ബൈക്കിലിടിച്ചാണ് അപകടം
കോഴിക്കോട് : കോഴിക്കോട് മലബാർ ക്രിസ്ത്യൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ ആഘോഷത്തിനിടെ അപകടം. കോളജ് ഗ്രൗണ്ടിൽ മത്സരയോട്ടത്തിനിടെയാണ് അപകടം. കാർ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് കോളജ് ഗ്രൗണ്ടിൽ മത്സരയോട്ടം നടത്തിയത്. മൂന്ന് കാറുകളിലാണ് വിദ്യാർത്ഥികൾ മത്സരയോട്ടം നടത്തിയത്. വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കും. ഇത്ര വലിയ അപകടം നടന്നിട്ടും സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചില്ലെന്നും ആരോപണമുണ്ട്.
നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പൊലീസ് ദൃശ്യങ്ങൾ ലഭിച്ചപ്പോഴാണ് വിവരം അറിയുന്നത്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വാഹനങ്ങൾ ഇതിനോടകം തന്നെ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത് ചേവായൂർ ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആർടിഒയും അറിയിച്ചു.

