കോൺഗ്രസും ഇടതുപ്രസ്ഥാനങ്ങളും കൈകോർത്ത് പോയില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും;കെവി തോമസ്
സി പി ഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും കെവി തോമസ് പറഞ്ഞു.

കണ്ണൂർ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കൈകോർത്ത് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ സംസാരിച്ച് കൊണ്ട് കെവി തോമസ് പറഞ്ഞു.
' കേരളത്തിന്റെ അഭിമാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഗെയിൽ പദ്ധതി പൂർത്തീകരിച്ചത് പിണറായിയുടെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. നല്ലത് ചെയ്താൽ നല്ലതെന്ന് ഞാൻ പറയും. പിണറായി മികച്ച മുഖ്യമന്ത്രിയാണെന്ന് ഞാൻ മാത്രമല്ല എംകെ സ്റ്റാലിനും
പറഞ്ഞു, വികസന കാര്യത്തിൽ
മുഖ്യമന്ത്രിക്ക് എന്റെ എല്ലാ
പിന്തുണയുമുണ്ടാകും. ' അദ്ദേഹം പറഞ്ഞു.
സി പി ഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും കെവി തോമസ് പറഞ്ഞു.ഇവിടെ എത്തിയത് കോൺഗ്രസിനും കരുത്താണെന്ന് തന്റെ സഹപ്രവർത്തകർ മനസിലാക്കുമെന്നും കെവി തോമസ് പറഞ്ഞു.