ഇടതു മുന്നണി കൺവീനറായി ഇ പി ജയരാജൻ
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറായി ഇ പി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനം. എൽ ഡി എഫ് കൺവീനറായിരുന്ന എ വിജയരാഘവൻ സി പി ഐ എം പോളിറ്റ് ബ്യൂറോയിലേക്ക് എത്തിയതോടെയാണ് ആ സ്ഥാനത്തേക്ക് ഇപി ജയരാജനെ തെരഞ്ഞെടുത്തത്.
ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയ ഇപി ജയരാജൻ യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 97ൽ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂർ ജില്ലയിലെ
മട്ടന്നൂരിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.