കെ സ്വിഫ്റ്റിനു പിന്നാലെ സിറ്റി റൈഡും ഹിറ്റ്
ഒരാഴ്ച തികയും മുൻപേ മികച്ച പ്രതികരണമാണ് സിറ്റി റൈഡിന് ലഭിച്ചത്

തിരുവനന്തപുരം : കെ സ്വിഫ്റ്റിനു പിന്നാലെ ഹിറ്റായി കെഎസ്ആര്‍ടിസിയുടെ 'സിറ്റി റൈഡ്' സർവീസുകൾ. സര്‍വീസ് തുടങ്ങി ഒരാഴ്ച തികയും മുന്‍പു തന്നെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഡബിൾ ഡക്കർ ഓപ്പൺ ബസ്സുകളിൽ നടക്കുന്ന സിറ്റി റൈഡ്.
ആദ്യ ദിനത്തിലെ സൗജന്യ യാത്രയ്ക്കുശേഷം അടുത്ത 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ സ്വന്തമാക്കിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാര്‍ഥം വൃദ്ധസദനത്തിലെ 54 അന്തേവാസികള്‍ക്ക് ഇന്നലെ സൗജന്യ സര്‍വീസും നടത്തിയിരുന്നു.
മുകള്‍വശം തുറന്നിരിക്കുന്ന ഇരുനില ബസിൽ താഴെ 28 സീറ്റുകളും മുകള്‍നിലയില്‍ 39 സീറ്റുകളുമാണുള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള ‘നൈറ്റ് റൈഡ്’ എന്നിങ്ങനെ രണ്ടു തരം സര്‍വീസുകളിലായി 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡേ, നൈറ്റ് റൈഡുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. രാവിലെ 9ന് കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിൽ സഞ്ചരിക്കും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഭക്ഷണത്തിനായി ഇടവേളയുമൊരുക്കിയിട്ടുണ്ട്.
സീറ്റ് ബുക്ക് ചെയ്യുന്നതിനായി പേര്, മൊബൈല്‍ നമ്പര്‍, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതി, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ 9447479789, 8129562972 എന്നീ നമ്പറുകളിലേക്കു വാട്‌സാപ് ചെയ്യാവുന്നതാണ്.