കല്ലായിയിലെ സീവേജ് പ്ലാന്റ്; ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം
സ്ത്രീകളടക്കം മുപ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കല്ലായി - അഴീക്കൽ റോഡിൽ സീവേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അളവ് തിട്ടപ്പെടുത്താനെത്തിയ കോർപ്പറേഷൻ അധികൃതർക്കു നേരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പോലീസ് ഇടപെട്ടതോടെ പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇന്നുരാവിലെ ഒൻപതു മണിയോടെയായിരുന്നു ഉദ്യോഗസ്തർ പദ്ധതി പ്രദേശത്ത് എത്തിയത്. ഭൂമിയുടെ അളവ് തിട്ടപ്പെടുത്താനും കല്ലിടാനുമാണ് വൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പ്രതിഷേധക്കാർ ഇവരെ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. സ്ത്രീകളടക്കം മുപ്പതു പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പള്ളിയുടെയും കാവിൻ്റെയും സമീപത്തുള്ള ഈ പ്രദേശം കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞതുമാണ്.

