ഓപ്പറേഷൻ മത്സ്യ; പിടിച്ചെടുത്തത് 50കിലോ മത്സ്യം
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്
കോഴിക്കോട്: ഓപറേഷൻ മത്സ്യയുടെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയിൽ 50 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യലേല കേന്ദ്രങ്ങൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ഹാർബർ, ചെറുകിട മത്സ്യ വിപണന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കേടായതും പഴകിയതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചത്.
എന്നാൽ ഫോർമാലിൻ, അമോണിയ എന്നിവ അടങ്ങിയ മത്സ്യം കണ്ടെത്താനായിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണർ കെ. അനിലൻ അറിയിച്ചു.
മത്സ്യം പിടിച്ചെടുത്ത വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. മത്സ്യ വിപണിയിലെ കേടായ മത്സ്യം കണ്ടെത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ മത്സ്യ. ഇതുവഴി വൻതോതിൽ കേടായ മത്സ്യങ്ങൾ ദിനം പ്രതി പിടിച്ചെടുക്കുന്നുണ്ട്.

