പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽപ്രാബല്യത്തിൽ
പുതിയ നിരക്ക് പ്രകാരംബസിന്റെ മിനിമം ചാർജ് 10 രൂപയും ഓട്ടോ ചാർജ് മിനിമം 30 രൂപയും ആയിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് പ്രകാരം ബസിന്റെ മിനിമം ചാർജ് 10 രൂപയും ഓട്ടോ ചാർജ് മിനിമം 30 രൂപയും ആയിരിക്കും. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം.
എന്നാൽ ലോ ഫ്ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറയ്ക്കും. ഓട്ടോറിക്ഷകൾക്ക് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് അഞ്ചു കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 225 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും.

