ഷവർമ്മ കഴിച്ച പെൺകുട്ടി മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
ചികിത്സ തേടിയവരിൽ ഒരാളുടെ നില ഗുരുതരം

കാസർകോട്: ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്‌സ്ഗര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവർക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കൂടുതല്‍ പേര്‍ ആശുപത്രിയിൽ ചികത്സ തേടി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. പെൺകുട്ടി മരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത്.
ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെയാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഷവർമ്മ കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ആരോഗ്യവിഭാഗത്തിൻ്റെ കണ്ടെത്തൽ.