ഖത്തറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു; മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
ഇവർ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ കല്ലിലിടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു

കോഴിക്കോട്: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം. തൃശൂര്‍ അകത്തിയൂര്‍ അമ്പലത്തുവീട്ടില്‍ റസാഖ് (31), കോഴിക്കോട് കീഴുപറമ്പ് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്.
പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ കല്ലിലിടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ തന്നെ എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇതിൽ സജിത്തിന്റെ ഭാര്യയെയും കുഞ്ഞിനെയും വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത് ശേഖരനെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത വില്ലകളില്‍ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ ശമീമിന്റെ മൃതദേഹം അബു ഹമൂര്‍ ഖബർസ്ഥാനില്‍ മറവു ചെയ്യും. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കും.