വ്ലോഗർ റിഫ മെഹ്നുവിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു
തഹസിൽദാരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ

കാക്കൂർ: വ്ലോഗർ റിഫ മെഹ്നുവിൻ്റെ റിപ്പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. തഹസിൽദാറുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കാക്കൂരിൽ റിഫയുടെ വീടിന് സമീപമുള്ള പള്ളി ഖബർസ്ഥാനിലായിരുന്നു മൃതദേഹം ഖബറടക്കിയത്.
റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫ മേഹ്നുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതെന്ന് വിശ്വസിപ്പിച്ചാണ് ഭർത്താവായ മെഹനാസ് ഖബറടക്കിയത്. തുടർന്ന് കുടുംബം നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ താമരശ്ശേരി ഡിവൈഎസ്പി നൽകിയ അപേക്ഷയിലാണ് പോസ്റ്റുമോർട്ടത്തിന് അനുമതി ലഭിച്ചത്.
റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ മെഹനാസിനെതിരെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റമടക്കമാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.