കേരളത്തിൽ റെഡ് ക്രോസിന്റെ പ്രസക്തി വർദ്ധിച്ചു ; മേയർ ഡോ ബീന ഫിലിപ്പ്
പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ റെഡ് ക്രോസ് വളണ്ടിയർമാരുടെ സേവനം വളരെ അത്യാവശ്യമായി വന്നിരിക്കുന്ന കാലഘട്ടത്തിലാണ് നാമെന്ന് മേയർ പറഞ്ഞു.
കോഴിക്കോട്: യുദ്ധമോ യുദ്ധസമാന സാഹചര്യമോ നേരിടേണ്ടി വന്നിട്ടില്ലാത്ത കേരളത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം ഏറെ ഗുണപ്രദമാവുന്ന ഒരു കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത് എന്ന്
കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ് പറഞ്ഞു. ലോക റെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ബ്രാഞ്ച് സംഘടിപ്പിച്ച റെഡ് ക്രോസ് ദിനാഘോഷ പരിപാടികൾ കോഴിക്കോട് പി വി എസ് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ റെഡ് ക്രോസ് വളണ്ടിയർമാരുടെ സേവനം വളരെ അത്യാവശ്യമായി വന്നിരിക്കുന്നു. വിദ്യാർത്ഥികളിൽ പ്രഥമ ശുശ്രൂഷ അവബോധം സൃഷ്ടിക്കാൻ റെഡ് ക്രോസ് ശ്രമിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുകയും, ലോക്ഡൗൺ കാലത്ത് റെഡ് ക്രോസിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിച്ചു നൽകുകയും രക്തദാനം നൽകുകയും ചെയ്ത വളണ്ടിയർമാരെ ചടങ്ങിൽ അനുമോദിച്ചു.
മുൻ ജെ ആർ സി സ്റ്റേറ്റ് പ്രസിഡന്റും റെഡ്ക്രോസ് കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന കെ വി ഗംഗാധരനെയും ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്ര കുമാറിനെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ മാടൻചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ ദീപു റെഡ് ക്രോസ് സന്ദേശം നൽകി. അഡ്വ എം രാജൻ, രന്ജീവ് കുറുപ്പ് എന്നിവർ സംസാരിച്ചു

