തൊണ്ടയാടിന് സമീപം വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ
ബൈപാസിന് സമീപം ഒഴിഞ്ഞപറമ്പിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്

കോഴിക്കോട്: ദേശീയപാത ബൈപ്പാസിന് സമീപം വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
യുകെ നിർമ്മിത വെടിയുണ്ടകൾ അടക്കം 266 വെടിയുണ്ടകളാണ് പോലീസിന് ലഭിച്ചത്. വെടിവെച്ച് പരിശീലിച്ചതിന് പ്രദേശത്ത് നിന്നും തെളിവുകൾ കണ്ടെടുത്തു. ഉണ്ടകൾ തറച്ചുകയറിയ പ്ലൈവുഡ് ഷീറ്റും ലഭിച്ചിട്ടുണ്ട്. വെടിയുണ്ടകൾ സൂക്ഷിച്ച ബോക്സിൽ നിന്നും രണ്ടെണ്ണം ഊരി മാറ്റിയതായാണ് കണ്ടെത്തൽ. എന്നാൽ ഒരെണ്ണം ഉപയോഗിച്ചതായി മാത്രമാണ് തെളിവ് ലഭിച്ചിട്ടുള്ളത്.
അതേസമയം, പ്രദേശത്ത് വെടിയൊച്ചകളുണ്ടായതായി ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒഴിഞ്ഞ പറമ്പിലേക്ക് പലപ്പോഴായി വാഹനങ്ങൾ എത്തിയിരുന്നെങ്കിലും സംശയാസ്പദമായ കാര്യങ്ങൾ ഒന്നും ഇതേവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ പറഞ്ഞു.