ഗൃഹപ്രവശനത്തിനിടെ കവർച്ച; കള്ളനെ പിടികൂടാനായില്ല
വളയം പോലീസ് അന്വേഷണം ഊർജിതമാക്കി

നാദാപുരം: ഗൃഹപ്രവേശനം നടന്ന വീട്ടിൽ അതിഥികൾ നൽകിയ പണകവറുകൾ നിക്ഷേപിച്ച പെട്ടി പൊളിച്ച് കവർച്ച നടത്തിയ പ്രതിയെ ഇനിയും പിടികൂടാനായില്ല. കുറുവന്തേരി - മഞ്ഞപ്പളളിയിൽ ഒരാഴ്ച മുൻപ് നടന്ന കവർച്ചയിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. ഏകദേശം അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനോടകം തന്നെ ഗൃഹപ്രവേശനത്തിനെത്തിയ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ കേസ് ഇതേവരെ രജിസ്റ്റർ ചെയ്തിട്ടില്ല. തെളിവുകൾ കിട്ടിയ ശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.
കഴിഞ്ഞ 15 നായിരുന്നു ഗൃഹവേശനം. തലേദിവസം ബന്ധുക്കളും ഗൃഹനാഥന്റെ സഹപ്രവർത്തകരും അയൽവാസികളുമായ നൂറിലധികം പേർ എത്തിയതായാണ് സൂചന. ഇതിൽ പലരും വീടിന്റെ വരാന്തയിൽ വെച്ച പെട്ടിയിൽ പണമടങ്ങിയ കവർ നിക്ഷേപിച്ചിരുന്നതായാണ് കരുതുന്നത്. പുലർച്ചെ രണ്ട് മണിയോടെ ഈ പെട്ടി ഓഫീസ് റൂമിലേക്ക് മാറ്റി. എന്നാൽ വാതിൽ അടച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച ഗൃഹനാഥൻ പണവും പേരു വിവരങ്ങളും എഴുതി വെച്ച പുസ്തകം പരിശോധിച്ചപ്പോൾ 14 ന് തുക നൽകിയവരുടെവിവരം ഇല്ലെന്ന് കണ്ട് സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. അടുത്ത ബന്ധു നൽകിയ പതിനായിരം രൂപ ഉൾപ്പെടെ കാണാനില്ലെന്നും കണ്ടെത്തി.
തുടർന്ന് വാടക സ്റ്റോറുകൾ വെച്ച പെട്ടിപരിരോധിച്ചപ്പോഴാണ് സക്രൂഡ്രൈവർ പോലുള്ള വസ്തു ഉപയോഗിച്ച് തുറന്നതായി കണ്ടെത്തിയത്. പത്തോളം പേരിൽ നിന്ന് ഇതിനകം പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.