റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി
ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ലഭ്യമാക്കും
തിരുവനന്തപുരം: റേഷൻ കടകൾ വഴി ജയ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിതരണം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണവകുപ്പ് വജ്രജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണം ചെയ്യാൻ ആവശ്യമായ അരി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ എഫ്‌സിഐ ഗോഡൗണിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. ഗ്രാമീണമേഖലകളിൽ 1000 കെ- സ്‌റ്റോർ പദ്ധതി ജൂണിൽ യാഥാർഥ്യമാക്കും.
ഭക്ഷ്യവകുപ്പിന്റെ സബ്‌സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ ബാങ്ക്, എടിഎം, അക്ഷയ, മിൽമ, സപ്ലൈകോ, ഗ്യാസ് ഏജൻസി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാവും കെ– സ്‌റ്റോർ. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടില്ലെന്നും പൂഴ്തിവെപ്പ് തടയാനായെന്നും മന്ത്രി പറഞ്ഞു.

