കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു
സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി

കോഴിക്കോട്: കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ. സി. രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആശുപത്രിയിലെ പ്രശ്നങ്ങൾ തുടർക്കഥയായതോടെ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്.