നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയത് തൻ്റെ മകൻ അല്ലെന്ന് അമ്മ മിനി
പതിനേഴു വർഷം മുൻപ് കാണാതായ കുഞ്ഞുമായി യുവാവിന് സാമ്യമില്ലെന്നും അമ്മ
ആലപ്പുഴ: നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയതായി പറയുന്ന യുവാവ് 17 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ അല്ലെന്ന് അമ്മ മിനി. മുംബൈയിൽ നിന്ന് ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ടെത്തിയ യുവാവിനെ ആലപ്പുഴയിലെത്തിച്ചെങ്കിലും യുവാവിന് രാഹുലുമായി സാമ്യമില്ലെന്നാണ് അമ്മ അറിയിച്ചത്.
രാഹുലിനോട് സാമ്യമുള്ള കുട്ടിയെ മുംബെയിൽ കണ്ടതായി കഴിഞ്ഞ ദിവസം മിനിക്ക് കത്ത് വന്നിരുന്നു. കൂടെ ഉണ്ടായിരുന്ന ഫോട്ടോയിലെ യുവാവുമായി സാമ്യമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മുംബൈയിൽ താമസിക്കുന്ന വസുന്ധരാ ദേവിയിൽ നിന്നാണ് രാഹുലിന്റെ അമ്മയ്ക്ക് കത്ത് ലഭിച്ചത്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് ശിവാജി പാർക്കിൽ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടതെന്നും ഏഴാം വയസിലാണ് കുട്ടി പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തിയതെന്നും, പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായും കത്തിലുണ്ടായിരുന്നു. ഈയിടെ രാഹുലിൻ്റ അച്ഛൻ്റെ മരണവാർത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓർത്തതെന്നും വസുന്ധര കത്തിൽ പറഞ്ഞിരുന്നു. രാഹുലിന്റെ പിതാവ് എ ആർ രാജു ആത്മഹത്യ ചെയ്യുകയായിരുന്നു.

