അഗ്നിപഥ്; വിമർശനവുമായി മേജർ രവി
പദ്ധതി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മേജർ
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് മേജർ രവി. ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് ടെക്നിക്കൽ മികവ് ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കില്ല. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ളവർ നാല് വർഷത്തെ ട്രെയിനിംഗ് നേടിയാൽ വൻ സുരക്ഷാ പ്രശ്നമാണ് ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയിലെ മെച്ചം പെൻഷൻ കൊടുക്കേണ്ട എന്നതാണ്. പക്ഷെ നാല് വർഷത്തെ വേതനവും തിരിച്ചു വരുമ്പോൾ നൽകുന്ന തുകയും കൂട്ടിയാൽ ഒരു സൈനികന് 33 ലക്ഷം രൂപ ഒരു ചെലവ് വരും. വിദേശ രാജ്യങ്ങളിൽ സമാനമായ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കിലും അവിടെ സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുമായി ഇന്ത്യക്ക് പ്രശ്നങ്ങളുള്ള സമയമാണിത്. മികച്ച യുദ്ധ സമാഗ്രികൾ വേണമെന്നത് ആവശ്യം തന്നെയാണ്. എന്നാൽ ഈ സാമഗ്രികൾ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം നാല് വർഷത്തക്ക് വരുന്നവർക്ക് ഉണ്ടാവുമോ എന്നതും സംശയമാണ്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നയാളാണെങ്കിലും അഗ്നിപഥിൽ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നതെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

