അഗ്നിപഥ് അനിവാര്യമെന്ന് സൈന്യം
33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും ലഫ്.ജനറൽ അനിൽ പുരി
ഡൽഹി: അഗ്നിപഥ് അനിവാര്യമായ പരിഷ്കരണമെന്ന് സൈന്യം. പദ്ധതി 1989 മുതൽ പരിഗണനയിൽ ഉള്ളതാണെന്നും സേനയിൽ യുവത്വം കൊണ്ടുവരാനാണിതെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ വ്യക്തമാക്കി. സേനയുടെ ശരാശരി പ്രായം 30 എന്നത് 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന സൈനികർക്ക് കാന്റീൻ ഇളവുകൾ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 17,600 സൈനികർ ഓരോ വർഷവും വിരമിക്കുന്നുണ്ട്. വിരമിക്കുന്നവർ എന്ത് ചെയ്യുന്നുവെന്ന് ആരും ചോദിക്കാറില്ലെന്നും അനിൽ പുരി ചൂണ്ടിക്കാട്ടി.
വരും വർഷങ്ങളിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ മാത്രമാണ് 46,000 പേരെ എടുക്കുന്നത്. പടിപടിയായി എണ്ണം വർധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 24 ന് അഗ്നിപഥ് നടപടികൾ ആരംഭിക്കുമെന്ന് എയർഫോഴ്‌സ് വക്താവ് അറിയിച്ചു.

