ഗൂഢാലോചനക്കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുക
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മുൻ മന്ത്രി കെ. ടി. ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ സാക്ഷിയായ സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്.
സ്വപ്‌ന സുരേഷ്, മുൻ എം.എൽ.എ പി.സി. ജോർജ് എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശമുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ മൊഴിയിൽ പരാമർശിച്ചിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിത നൽകിയ മൊഴി.

