ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി; നാല് പേർ മരിച്ചു
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം

മുംബൈ: ഒഎൻജിസി ഹെലികോപ്റ്റർ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരിൽ 3 പേർ ഒഎൻജിസി ജീവനക്കാരാണ്. മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു.
ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 9 പേരാണ് ഉണ്ടായിരുന്നത്. ഒഎൻജിസിയുടെ സാഗർ കിരൺ എന്ന റിഗിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്തിയത്. റിഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു സംഭവം.
ഫ്ലോട്ടറുകളുടെ സഹായത്തോടെയാണ് കടലിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. റിഗിലുണ്ടായിരുന്ന ഒരു ബോട്ടാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. ഓഫ് ഷോർ സപ്ലൈ വെസലായ മാൽവിയ 16, കോസ്റ്റ് ഗാർഡ് കപ്പൽ എന്നിവയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. അപകടം ഉണ്ടായതിനെ തുടർന്ന്, അതുവഴി കടന്നുപോകുകയായിരുന്ന മാൽവിയ 16 വെസ്സലിനെ, അധികൃതർ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കുകയായിരുന്നു.