കാരന്തൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തുറയിൽ കടവിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം
 
                        കുന്ദമംഗലം: കാരന്തൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്കിൽ സഞ്ചരിച്ച ഭരതൻ ബസാർ സ്വദേശി ജംഷീറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കാരന്തൂർ തുറയിൽ കടവിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
ചെലവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് കാർ നിന്നത്. കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി സലീമും ഭാര്യയും കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            