വയലടയ്ക്ക് സമീപം റോഡിൽ മരം വീണു; മൂന്ന് വൈദ്യുത തൂണുകൾ തകർന്നു
പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു
എകരൂൽ: തലയാട് - വയലട റോഡിൽ കാവുംപുറത്ത് വയലട വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് റോഡിൽ വൻ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. റോഡരികിലെ മലയിൽ നിന്നും മണ്ണിടിഞ്ഞതോടെയാണ് മണ്ണും വലിയ മരവും റോഡിലേക്ക് പതിച്ചത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാർ മണ്ണും മരവും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിച്ച് വൈദ്യുതിയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഗ്രാമപഞ്ചായത്തംഗം റംല ഹമീദ് പറഞ്ഞു.

