ആളൊഴിഞ്ഞ വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു
കവർച്ച നടത്തിയത് മുൻവാതിൽ കുത്തി പൊളിച്ച്
പന്തീരാങ്കാവ്: ആളൊഴിഞ്ഞ വീട്ടിൽ മുൻവാതിൽ തകർത്ത് കവർച്ച. മണക്കടവ് കുന്നംകുളങ്ങര - പുത്തൂർമഠം റോഡിൽ ചന്ദനാട്ട് മണിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണവും ഏഴായിരത്തോളം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.
സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മുൻ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. നാല് പഴ്സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതേ അലമാരയിൽ മറ്റൊരു ഭാഗത്ത് സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ല.
റോഡിനോട് ചേർന്നാണ് ഇവരുടെ വീട്. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഭാര്യ ബന്ധുവീട്ടിലും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ജീവനക്കാരനായ മകൻ ജോലി സ്ഥലത്തുമായിരുന്നു.
പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ധനഞ്ജയ ദാസിൻ്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന. സമാനമായ തരത്തിൽ സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. ഇതിലെ പ്രതിയെ പിടികൂടാൻ ആയിട്ടില്ല.

