കോഴിക്കോട് മെഡിക്കൽ കോളജിൽ നിയന്ത്രണം ശക്തമാക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തിൽ നടപടി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നിയന്ത്രണം കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നല്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം കർശനമാക്കുന്നത്. ഇനി മുതൽ രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. സവിശേഷ സാഹചര്യങ്ങളിൽ മാത്രം രണ്ടുപേരെ അനുവദിക്കും.
ഇവർക്ക് പ്രത്യേക പാസ് അനുവദിക്കും. ദുരുപയോഗം ചെയ്യുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല. പാസില്ലാതെ അനധികൃതമായി ആശുപത്രിയിൽ വരുന്നവരെ പൊലീസിൽ ഏൽപ്പിക്കുകയല്ലാതെ സുരക്ഷാ ജീവനക്കാർ കൈയേറ്റംചെയ്യുന്ന സ്ഥിതി ഉണ്ടാവരുത്. ജീവനക്കാർ തസ്തിക കാണുന്ന തരത്തിൽ ഐഡി കാർഡ് അണിയണം. ഇല്ലാത്തവരെ പരിശോധന ക്കുശേഷമേ പ്രവേശിപ്പിക്കൂ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്.