ജില്ലയിൽ ജലാശയത്തിൽ ഇറങ്ങുന്നതിന് വിലക്ക്
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി. കനത്ത മഴയിലും കക്കയം, പെരുവണ്ണാമൂഴി റിസർവോയറുകളിൽനിന്നും വെള്ളം തുറന്നു വിടുന്നതിനാലും ജില്ലയിലെ എല്ലാ നദികളും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.
കടൽ, നദികൾ, മറ്റുജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നത് നിരോധിച്ച് കൊണ്ടാണ് ഉത്തരവിറക്കിയത്. അവധിദിനങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരേണ്ടതാണ്.
കാലവർഷം ശക്തി പ്രാപിച്ചതിനാൽ മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലുള്ള എമർജൻസി ഓപ്പറേഷൻ സെന്ററുകളെ ബന്ധപ്പെടാൻ കോഴിക്കോട്- 04952372967,
കൊയിലാണ്ടി- 0496- 2623100, 0496- 2620235, വടകര- 0496- 2520361, താമരശ്ശേരി- 0495- 2224088.

