പേരാമ്പ്രയുടെ ക്രമസമാധാന പാലകനായി വിഷ്ണു പ്രദീപ് ഐപിഎസ്
പേരാമ്പ്ര, മേപ്പയ്യൂർ, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി എന്നീ സ്റ്റേഷനുകളാണ് എ.എസ്.പിയുടെ നിയന്ത്രണത്തിലാവുക

പേരാമ്പ്ര: ടി.കെ. വിഷ്ണു പ്രദീപിനെ പേരാമ്പ്ര എ.എസ്.പിയായി നിയമിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയൻ ഡൊമനിക്കിന് കണ്ണൂർ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയായി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നാണ് പുതിയ നടപടി. പേരാമ്പ്ര, മേപ്പയ്യൂർ, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി എന്നീ സ്റ്റേഷനുകളാണ് എ.എസ്.പിയുടെ നിയന്ത്രണത്തിലാവുക.
ഹൈദരാബാദ് പോലീസ് അക്കാദമിയിൽ രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷമാണ് കേരള കാഡറിൽ ഒറ്റപ്പാലത്ത് എ.എസ്.പി ട്രെയിനിയായി സർവ്വീസിലെത്തിയത്. തുടർന്ന് തലശ്ശേരിയിലും ചുമതല വഹിച്ചശേഷമാണ് പേരാമ്പ്രയിലേക്ക് നിയമനം ലഭിക്കുന്നത്. കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ടി. കെ. സുധാകരൻ്റെയും എൽസയുടെയും മൂത്തമകനാണ് വിഷ്ണു പ്രദീപ്.
സംസ്ഥാന തലത്തിൽ പോലീസിൽ ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിൻ്റെ ഭാഗമായാണ് സ്ഥലംമാറ്റം. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായിരുന്ന എ. ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് സെക്യൂരിറ്റിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേധാവിയായിരുന്ന ആർ. കറുപ്പുസ്വാമിയാണ് കോഴിക്കോട്ടെ പുതിയ റൂറൽ പോലീസ് മേധാവി.