മങ്കി പോക്സ്; കേന്ദ്രസംഘം ഇന്നെത്തും
ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വാനരവസൂരി പ്രതിരോധപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. രോഗി കഴിയുന്ന ആശുപത്രി അധികൃതരുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സാ കാര്യങ്ങളിലുള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കും.
അതേസമയം, വാനര വസൂരി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഗ്രത ശക്തിപ്പെടുത്തി. രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. യുഎഇയിൽ നിന്നും ഇയാള്‍ വന്ന വിമാനത്തില്‍ യാത്രചെയ്തവരുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലായ ആര്‍ക്കെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ പരിശോധന നടത്തും.
യുവാവിനൊപ്പം യുഎഇയിൽ ഉണ്ടായിരുന്ന സുഹൃത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ തിരിച്ചറിഞ്ഞു. എന്നാൽ ടാക്സി ഡ്രൈവറെ ഇനിയും കണ്ടെത്തിയിട്ടില്ല.