വടകര സ്റ്റേഷനിൽ നിന്ന് 66 പോലീസുകാരെ സ്ഥലം മാറ്റി
കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ നടപടി
വടകര : വടകരയിൽ വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് 66 പൊലീസുകാർ ക്കെതിരെയുള്ള കൂട്ട നടപടിയെടുത്തത്. ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്തം വേണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടു പോയില്ല മാനുഷിക ഉത്തരവാദിത്തം കാട്ടിയില്ല, തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
കല്ലേരി പൊൻമേരി പറമ്പിൽ താഴെ കോലോത്ത് സജീവ(41) ന്റെ മരണത്തിലാണ് പൊലീസുകാർ ക്കെതിരെ വൻ പ്രതിഷേധ ത്തിനൊടുവിൽ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
വാഹനാപകടവുമായി ബന്ധപ്പെട്ടാണ് 14-ാംതിയതി രാത്രി സജീവൻ, ജുബൈർ, ഷംനാദ് എന്നിവരെ വടകര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. പ്രശ്നം പറഞ്ഞ് തീർത്തതിനു ശേഷം പുറത്തിറങ്ങിയ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
എന്നാൽ സജീവന്റെ മരണം പൊലീസ് മർദിച്ചതിനെ തുടർന്നാണെന്ന് സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. അതേ സമയം, സജീവനെ മർദിച്ചിട്ടില്ലെന്നും, പിറ്റേന്നു ഹാജരാകാൻ നിർദേശിക്കുക മാത്രമാണു ചെയ്തതെന്നുമാണു പൊലീസ് വിശദീകരണം. ശാരീരികാ സ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചിട്ടും ആശുപ്രതി യിലെത്തിക്കാൻ സഹായിക്കാത്തതിനു മൂന്നു പൊലീസുകാരെ സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

