കാണാതായ ചെറുവണ്ണൂർ പഞ്ചായത്ത് മെമ്പറെ ഷോർട്ട് സ്റ്റേ ഹോമിലേക്കയച്ചു
ആരും തട്ടി കൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവതി
പേരാമ്പ്ര : കഴിഞ്ഞ ദിവസം മുതൽ കാണാതായ ശേഷം പൊലീസിൽ ഹാജരായ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തംഗമായ യുവതിയെ കോടതി ഷോർട്ട് സ്റ്റേ ഹോമിലേക്ക് അയച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ആദില നിബ്രാസിനെയാണ് ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കാണാതായത്. ആഗസ്ത് 1 മുതൽ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് യുവതിക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ കുരുവട്ടൂർ സ്വദേശി ഷാഹുൽ ഹമീദിനൊപ്പം ഇന്നലെ കാലത്ത് മേപ്പയൂർ പൊലീസിൽ ഹാജരാവുകയായിരുന്നു. തങ്ങൾ വിവാഹിതരാണന്ന് ഇവർ പൊലീസിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
നാലുദിവസമായി ഷാഹുൽ ഹമീദിനൊപ്പമാണെന്നും ഭർത്താവിനൊപ്പം പോകാനാണ് താൽപര്യമെന്നും ആദില കോടതിയെ അറിയിച്ചതായി അഭിഭാഷക ജിഷ പറഞ്ഞു. തന്നെ ആരും തട്ടി കൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവതി കോടതയെ അറിയിച്ചു. താൻ ഭർത്താവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചെങ്കിലും യുവതിക്ക് ശാരീരിക അസ്ഥാസ്ഥ്യമുണ്ടെന്നും വൈദ്യ സഹായം ആവശ്യമുണ്ടെന്നും ബന്ധുക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി യുവതിയെ അഞ്ച് ദിവസത്തേക്ക് ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടുകയായിരുന്നു.

