ശിശുപരിപാലനത്തിൽ കേരളത്തേക്കാൾ മുന്നിൽ ഉത്തർപ്രദേശ്; വിവാദ പരാമർശവുമായി മേയർ ബീനാഫിലിപ്പ്
ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം
കോഴിക്കോട്: കേരളത്തില്‍ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും കോഴിക്കോട് മേയർ ബീനാഫിലിപ്പ്. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മേയർ. പ്രതികരണം വിവാദമായതോടെ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ പ്രതികരികരിച്ചു.
'കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്, പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം, ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം, ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തുകൊടുക്കുന്നു എന്നതാണ് പ്രധാനം, ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല', ബീന ഫിലിപ്പ് പറഞ്ഞു.
ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഐഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് മേയര്‍ സംഘപരിവാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദ്ഘാടകയായെത്തിയത്. എന്നാൽ തൻ്റെ വാക്കുകൾ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ പറഞ്ഞു. സ്ത്രീകളുടെ കൂട്ടായ്മയിൽ മേയര്‍ എന്ന നിലയില്‍ അമ്മമാരോട് സംസാരിക്കണം എന്നാണ് പറഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും മേയർ വ്യക്തമാക്കി.
'നോര്‍ത്ത് ഇന്ത്യയിലൊക്കെ ആളുകള്‍ ഏത് കുട്ടികളെയും സ്‌നേഹത്തോടെ നോക്കും, പക്ഷെ കേരളത്തില്‍ അങ്ങനെയല്ല, പൊതുവെ കുട്ടികളോടുള്ള സമീപനത്തില്‍ നമ്മള്‍ കുറച്ച് കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്, കുട്ടികളെ സ്വാര്‍ത്ഥത പഠിപ്പിക്കുകയാണ്, അവിടെയുണ്ടായിരുന്ന ചില ബന്ധുക്കളാണ് തന്നോട് ഇത് പറഞ്ഞിട്ടുള്ളത്, അതാണ് പറഞ്ഞത്, അല്ലാതെ ഭക്തിയുള്ളവരാക്കി വളര്‍ത്തണം എന്ന് പറഞ്ഞിട്ടില്ല, ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയില്ലെന്നും' മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു.

