ഭാര്യയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത ഭർത്താവ് അറസ്റ്റിൽ
പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു
പേരാമ്പ്ര: ഭാര്യയെ പീഡിപ്പിക്കാൻ ഒത്താശചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ തൊട്ടിൽപ്പാലത്തിന് സമീപത്തെ ഹോട്ടലിൽ വെച്ചും യുവതി താമസിക്കുന്ന വാടക വീട്ടിലും വെച്ച് ബലാത്സംഗം ചെയ്യാൻ ഭർത്താവ് അവസരമൊരുക്കിയെന്നാണ് പരാതി. ഇതിന് പ്രതിഫലമായി യുവാവ് പണം വാങ്ങിയതായും പരാതിയുണ്ട്. മറ്റൊരാളുടെ അടുത്തേക്ക് യുവതിയെ വാഹനത്തിൽ എത്തിച്ച് നൽകുകയും മറ്റൊരിക്കൽ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭർത്താവിനെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആഗസ്റ്റ് പതിനാലിന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാതാവിനൊപ്പം ആശുപത്രിയിൽ പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് പതിനഞ്ചിന് യുവതി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നും മക്കളെ ഓർത്ത് തിരികെ വന്നതാണെന്നും യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

