സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂരിനെയാണ് അറസ്റ്റ് ചെയ്തത്
 
                        കോഴിക്കോട്: സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂരിനെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ അബ്ദുൾ ഗഫൂറിനെ കോഴിക്കോട് സ്വദേശിയായ ഗുണ്ടാനേതാവാണ് ഒളിവിൽ താമസിക്കുന്നതിനായി സഹായിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രതികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കം പരിഹരിക്കാനും ഈ ഗുണ്ടാനേതാവിനെ സമീപിക്കാറുണ്ടെന്നും വിവരമുണ്ട്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മുഖ്യ പ്രതി ചാലപ്പുറം സ്വദേശി പി. പി. ഷബീർ നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2021 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തുകയും ഇവ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് 46 കോടി രൂപ പ്രതികളുടെ എക്കൗണ്ടിൽ വന്നതായി കണ്ടെത്തി. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ്, കോഴിക്കോട് ചാലപ്പുറം പുത്തൻപീടിയേക്കൽ പി. പി. ഷബീർ എന്നിവരുടെ അക്കൗണ്ടിലേക്കാണ് നാല്പത് കോടിയോളം രൂപ വന്നത്. ഇതിൽ 10 കോടി ഷബീറിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            