മഴ തുടരും; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
കക്കയം ഡാമിൽ ബ്ലൂ അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ് തീരത്ത് ഈ മാസം 30 വരെയും കേരള തീരത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ ജില്ലയുടെ മലയോര മേഖലയിൽ ശക്തനായ മഴ തുടരുകയാണ്.

