പ്രതി ജാമ്യത്തിൽ പുറത്തിറങ്ങി ശത്രുക്കളുടെ വാഹനങ്ങൾ തീ വച്ച് നശിപ്പിച്ചു
ചൊവ്വ അർധരാത്രി മുതൽ പുലരുംവരെയാണ് അക്രമം നടത്തിയത്

ചേളന്നൂർ: വധ ശ്രമക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് എതിർപ്പുള്ളവരുടെ വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ മേലേടത്ത് സുരേഷ് എന്ന ക്രിമിനലാണ് പൊറോത്ത് താഴം, ഇച്ചന്നൂർ പ്രദേശത്ത് അഞ്ച് വീടുകളിൽ കയറി ആറ് വാഹനങ്ങൾ കത്തിച്ചത്. ചൊവ്വ അർധരാത്രി മുതൽ പുലരുംവരെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലാണ് അക്രമം നടത്തിയത്. സിപിഐ എം ചേളന്നൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ബിജുവിന്റെ വീട്ടിൽ നിർത്തിയിട്ട കാറും രണ്ട് ഇരുചക്രവാഹനവും കത്തിച്ചു. കായലത്ത് മീത്തൽ രൂപേഷിന്റെ ഓട്ടോറിക്ഷ, ഉണ്ണിപ്പുറത്ത് രാജീവന്റെ വീട്ടിലെ ഗുഡ്സ് ഓട്ടോറിക്ഷ, ചാലിൽ സലീമിന്റെ ഇരുചക്രവാഹനം തുടങ്ങിയവയാണ് തീയിട്ട് നശിപ്പിച്ച മറ്റ് വാഹനങ്ങൾ. വീടിനു പുറത്തുള്ള തുണിയും മറ്റ് സാധനങ്ങളും വാഹനത്തിന്റെ അടിയിൽ ഇട്ടാണ് തീയിട്ടത്.
മോഷണവും മറ്റ് കുറ്റ കൃത്യങ്ങളും പതിവാക്കിയ സുരേഷ് അടുത്ത ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മയക്കു മരുന്നിനും മദ്യത്തിനും അടിമയാണിയാൾ. തിങ്കളാഴ്‌ച ചാലിൽ ആമിന മമ്മദ് കോയയുടെ വീട്ടിൽ കയറി സുരേഷ് പാത്രങ്ങളും സ്വർണാഭരണവും പണവും മോഷ്ടിച്ചിരുന്നു. എടവൻ കാട്ടിൽ പുഷ്പരാജന്റെ വീട്ടിലെ കോഴിക്കൂട് കൊടുവാൾകൊണ്ട് വെട്ടിപ്പൊളിച്ച് കോഴികളെ പിടികൂടി. ഇതിനിടെ അവിടെ വച്ചുപോയ പുതപ്പ് പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പ സ്വാമിയുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. അഗ്നി രക്ഷാ സേനയും എത്തി. വീട്ടിൽ നിന്ന് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്ത സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.