കൊയിലാണ്ടി ടൗണിൽ നടന്ന ഗണേശോത്സവ യാത്രയ്ക്കെതിരെ പോലീസ് കേസ്
പോലീസിന്റെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനാണ് കേസ്

കൊയിലാണ്ടി: ഭജരംഗ്ദൾ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടത്തിയ ഗണേശോത്സവ ഘോഷയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് കേസ്. സംഭവവുമായി ബന്ധമുള്ള 200 ഓളം പേർക്കെതിരെയാണ് കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്തിരിക്കുന്നത്. യാത്രയിൽ ഉപയോഗിച്ച രണ്ട് വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടി കൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണി മുതൽ രാത്രി ഒൻപതു മണിവരെയാണ് ഗണേശ ചതുർത്ഥി പ്രമാണിച്ച് ബജരംഗ് ദൾ പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹനത്തിൽ എത്തി കൊയിലാണ്ടി ടൗണിൽ ഘോഷയാത്ര നടത്തിയത്. പോലീസ് അനുമതിയില്ലാതെയാണ് ദേശീയപാതയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സി.ഐ സുനിൽകുമാർ പറഞ്ഞു.
ഗതാഗതക്കുരുക്കും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിന് പലവട്ടം ആവശ്യപ്പെട്ടിട്ടും പരിപാടിയുമായി സംഘം മുന്നോട്ടു പോവുകയായിരുന്നുവത്രേ.
ജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കുക അതി തീവ്ര ശബ്ദ സംവിധാനം ഉപയോഗിച്ച് ശബ്ദ മലിനീകരണം നടത്തുക, പോലീസിന്റെ ആജ്ഞ ലംഘിച്ച് പരിപാടി സംഘടിപ്പിക്കുക, തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 200 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ ഉപയോഗിച്ച 16 ഓളം വാഹനങ്ങളും നാസിക് ഡോൾ ഉപകരണങ്ങളും പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.