headerlogo
recents

മയക്കുമരുന്നിൻ്റെ വ്യാപനം തടയാൻ യോദ്ധാവ് പദ്ധതിയുമായി കേരളാ പോലീസ്

സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി

 മയക്കുമരുന്നിൻ്റെ വ്യാപനം തടയാൻ യോദ്ധാവ് പദ്ധതിയുമായി കേരളാ പോലീസ്
avatar image

NDR News

08 Sep 2022 10:18 AM

തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പുതിയ പദ്ധതിയുമായി കേരളാ പോലീസ്. ‘യോദ്ധാവ്’ എന്ന പേരിൽ വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

       മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ മുതലായവരും പദ്ധതിയുടെ ഭാഗമാകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തുന്നതിനൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 

       പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയത്തിൽ നിന്നും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം തെരഞ്ഞെടുക്കും. യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവർത്തനങ്ങൾ നടത്താനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

       മാസത്തിലൊരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇവരുടെ യോഗം വിളിച്ചു ചേർക്കും. നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി നോഡൽ ഓഫീസറാവും. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ജനമൈത്രി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകി സേവനം ഉറപ്പ് വരുത്തും. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെല്പ്ലൈൻ നമ്പർ ഏർപ്പെടുത്തും. ആയിരം സ്കൂളുകളിലെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 

       ജനമൈത്രി പോലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവൽക്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ, നാടകം, ഫ്ലാഷ്മോബ്, മാജിക് എന്നിവയും ബോധവൽക്കരണത്തിനായി ഉപയോഗിക്കും. നടത്തും. മുതലായ മാർഗ്ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. 

NDR News
08 Sep 2022 10:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents